2014 ഡിസംബർ 22, തിങ്കളാഴ്‌ച

പെറ്റ വയറിന് ഒരു ക്രിസ്തുമസ് സമ്മാനം


ഞാൻ ഉരുവായത് മുതൽ എനിക്ക് വേണ്ടി വേദനയനുഭവിക്കുന്ന  ഒരമ്മ എനിക്കുണ്ട്.പൊക്കിൾക്കൊടി ബന്ധം മുറിച്ച് മാറ്റപെട്ടപ്പോൾ ഞാൻ ആദ്യം കരഞ്ഞത് മുലപ്പാലിനു വേണ്ടിയായിരുന്നു...മാതൃസ്നേഹം ചാലിച്ച് നല്കപ്പെട്ട മുലപ്പാൽ മാത്രം അന്നെനിക്ക് മതിയായില്ല.ഞാൻ വീണ്ടും കരഞ്ഞു:അമ്മയുടെ താരാട്ട് കേട്ടുറങ്ങാൻ...അമ്മയുടെ സ്പർശനങ്ങളും  സ്നേഹചുംബനങ്ങളും നല്കിയ അനുഭൂതി അവർണ്യമാനെന്ന് ഞാനിന്ന് തിരിച്ചറിയുന്നു.


കണ്ണീരിനും നോവിനും കണക്ക് പറയുന്ന ഒരുപാട് അമ്മമാരുണ്ട് എന്ന് കേട്ടിട്ടുണ്ട്.അതുപോലെ ജീവിച്ച് കൊതി തീരും മുൻപ് ജീവതത്തെ ഇല്ലാതാകുന്ന പ്രശ്നങ്ങളിൽ കഴിയുന്നവർ...ഇതിനിടയിൽ ആരോടും ഒരടക്കം പറച്ചിലിനും  പോകാതെ ക്ഷമയെന്ന വാക്കിന് അർത്ഥം നല്കി മൗനം പാലിച്ച് കഴിയുന്ന ചിലർ...പരിശുദ്ധ കന്യകാമറിയത്തെ മാതൃകയായ് സ്വീകരിച്ചവർ.സ്വപുത്രൻ മറ്റുള്ളവർക്ക് വേണ്ടി കുരിശിൽ തൂങ്ങി മരണപ്പെട്ടപ്പോഴും പരിശുദ്ധ മറിയം ക്ഷമയോടെ എല്ലാം മനസ്സിൽ സംഗ്രഹിക്കുകയായിരുന്നു.


ഇനി ചുറ്റുപാടിലേക്ക് ഒന്ന് കണ്ണോടിക്കുക...ജനിക്കുന്നതിനു മുൻപ് തന്നെ നശിപ്പിക്കപ്പെടുന്ന ഭ്രൂണങ്ങൾ ,തെരുവീഥികളിൽ ഉപേക്ഷിക്കപ്പെടുന്ന ചോരക്കുരുന്നുകൾ,വാണിഭങ്ങളുടെ ഭാഗമായി മാറിയിരിക്കുന്ന അനേകം പിഞ്ചു ബാല്യങ്ങൾ ....ഇതിനൊക്കെ കാരണമന്വേഷിച്ചാൽ എത്തി നില്ക്കുന്നത് 'ഉപേക്ഷ' എന്ന ഒറ്റ ഉത്തരത്തിൽ.ഇവിടെ നന്മയോതി നല്കാനോ നേർവഴി കാട്ടിക്കൊടുക്കാനോ ഒരു അമ്മ ഈ പറഞ്ഞവർക്കില്ല.ഒരർത്ഥത്തിൽ പറഞ്ഞാൽ ഞാൻ ഇന്ന് ജീവിക്കുന്നതിനു തന്നെ കാരണം എൻറെ അമ്മയല്ലേ!

എന്നെ എന്നമ്മ ജനിക്കാനനുവദിച്ചു,മക്കൾ ദൈവത്തിൻറെ ദാനമാണെന്ന് എന്നമ്മയും വിശ്വസിച്ചിട്ടുണ്ടാവണം.പിറന്നു വീണത് മുതൽ ഇന്നോളമുള്ള വളർച്ചയിൽ എന്നമ്മ എന്നോടൊപ്പമുണ്ടായിരുന്നു.


എന്നാൽ ചിലപ്പോഴെല്ലാം അമ്മ നൽകിയ  നല്മധുരമാം വാക്കുകൾ എനിക്ക് കാഞ്ഞിരക്കുരുവായ് അനുഭവപ്പെട്ടു;കരുതലിനെ ഞാൻ അവിശ്വാസവും അന്ധവിശ്വാസവും സ്വാതന്ത്യത്തെ തടയലുമായ് ഞാൻ എണ്ണി.യുവത്വം തിളച്ചു കയറുമ്പോൾ അത് ഒരു ലഹരി പോലെയാണ് .പലതിനെയും മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയാത്ത ഒരു ഭ്രാന്തമായ അവസ്ഥ.ചിലർ അതിനെ വിപ്ലവം എന്ന് വിളിക്കും .ഇന്ന് യാഥാർത്യത്തിലേക്ക് അറിയാതെ തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ കാണുന്നത് വീണ്ടും എൻ അമ്മയുടെ മുഖമാണ്.പരിഭവങ്ങളില്ലാതെ വീണ്ടും ചിരിക്കുന്ന മുഖം.



ഡിസംബർ ഒരു കാത്തിരിപ്പാണ്.ഉണ്ണിയേശുവിന്റെ  പിറവിക്കായുള്ള കാത്തിരിപ്പ്.കന്യകാ മറിയം ഗർഭവതിയാണ്.ഗർഭവതിയായ കന്യകാമറിയം ഒരോർമ്മപ്പെടുത്തൽ കൂടിയല്ലേ?ഏതാനും വർഷങ്ങൾക്ക് മുൻപ് എന്നെ ഉദരത്തിൽ വഹിച്ച എന്നമ്മയെ കുറിച്ചുള്ള ഒരോർമ്മപ്പെടുത്തൽ. ഒരു സ്ത്രീയെന്നിരിക്കെ അസഹനീയമായ പ്രസവ വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും അമ്മ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു-"ആ ക്രിസ്മസ് രാവണയുന്നതിനായ്".പുൽക്കൂട്ടിൽ എളിമയുടെയും    അനുസരണത്തിൻറെയും വിധേയത്വത്തിന്റെയും  പര്യായമായ് ക്രിസ്തു ജനിക്കുമ്പോൾ നമ്മളും  ഒരു പുതിയ പ്രത്യാശയിലേക്ക്  പുനർജനിക്കുകയല്ലേ?പരസ്പരം സ്നേഹിക്കുക എന്ന സന്ദേശവുമായാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്.പരസ്പരം സ്നേഹിച്ച്കൊണ്ട്    എളിമയിലും ലാളിത്യത്തിലും ജീവിച്ച്കൊണ്ട്  എന്നമ്മയ്ക്ക് സന്തോഷം നല്കാനവുക എന്നതല്ലേ  എനിക്ക് അമ്മക്കായ്‌ നല്കാവുന്ന ഏറ്റവും വിലയേറിയ സമ്മാനം...വേദനയാൽ

കണ്ണുനിറയാത്ത അമ്മമാരിൽ ഒരാളാവാൻ ഞാൻ എൻറെ അമ്മയെ അനുവദിക്കുന്നതിലും വലിയ എന്ത് സമ്മാനമാണ് എന്നമ്മക്ക് നല്കാനവുക?.ഈ ക്രിസ്തുമസിന് ഒരു പുതിയ മനസ്സ് എനിക്കുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. എന്നമ്മയ്ക്കിരിക്കട്ടെ ഒത്തിരി സ്നേഹവും പ്രാർത്ഥനകളും.

ഒരു തിരിഞ്ഞുനോട്ടം നല്കിയ ഏതാനും ചിന്തകൾ മാത്രമാണിത്.കാലം ഏറും തോറുമേറുന്ന വേദനകൾ നരച്ച മുടികളാൽ എണ്ണപ്പെടും പോലെ...ഇത് എന്റെ പ്രിയ യുവ സുഹൃത്തുക്കൾക്കായ് സമർപ്പിക്കുന്നു ....







അഭിപ്രായങ്ങളൊന്നുമില്ല: