2016, മാർച്ച് 6, ഞായറാഴ്‌ച

വെറുതെ കുറിച്ചിട്ടത്


യൗവനം ഒരു ഒളിച്ചോട്ടത്തിന്റെ കാലമാണ് .പരാതികളിൽ നിന്ന് ,പരാധീനതകളിൽ നിന്ന്,സ്വപ്നങ്ങളിൽ നിന്ന്,നഷ്ട പ്രണയത്തിന്റെ ഓർമകളിൽ നിന്ന്,എന്തിന് ഞാൻ ഏറെ വിശ്വസിക്കുന്ന ദൈവത്തിൽ നിന്ന് പോലും.ലോകത്തെ ഏറ്റം മൃദുലമായി നാമൊക്കെ കാണാൻ ശ്രമിക്കുന്നു എന്നതാവാം ഇതിനൊരു കാരണം എന്ന് തോന്നുന്നു.ഒരു ചെറു പുഞ്ചിരി മാത്രമാവാം നാം മറ്റുള്ളവരിൽ നിന്നാഗ്രഹിക്കുന്നത് .വളരെ നിസാരമായ ഒരു കാര്യം അല്ലെ!എന്നാൽ നാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആ ചെറു പുഞ്ചിരി ലഭിക്കാതെ പോകുമ്പോൾ നാം
ചെറുതായൊന്ന് മടുക്കുകയില്ലേ?ചിലപ്പോൾ നമ്മൾ പറയും അവൻറെ /അവളുടെ ഒരു അഹങ്കാരം അല്ലെങ്കിൽ ജാഡ എന്നൊക്കെ.നൂറുകൂട്ടം കാര്യങ്ങൾ തലയിലേറ്റി നടക്കുമ്പോൾ അടുത്ത് നില്ക്കുന്നവനെ ഒന്ന് പുഞ്ചിരിച്ച് കാണിക്കാൻ എനിക്ക് സാധിക്കാറുണ്ടോ എന്ന് തിരിച്ചൊന്നു ചിന്തിക്കാൻ എനിക്ക്  കഴിയാറുണ്ടോ എന്നത്  ഇപ്പോൾ എന്റെ മുൻപിൽ ഒരു സമസ്യയായി നില കൊള്ളുന്നു.ഇനി ഇതേ എന്റെ/ നിൻറെ മറ്റൊരു പ്രത്യേകത കൂടി പറയാം-സകല കാര്യങ്ങളിലും ചെന്നൊന്ന് തലയിട്ടു നോക്കും.പിന്നെ തന്നെ ബാധിക്കാത്ത -ഇല്ലാത്ത പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ചുമരിലേറ്റിയുള്ള നടത്തമാണ്.ഒടുക്കം എല്ലാത്തിനും പഴിചാരപ്പെടാൻ ഫ്രീ ആയി നമുക്ക് മുൻപിൽ ഒരാളുണ്ടല്ലോ-ദൈവം!അടുത്ത നമ്മുടെ കലാപരിപാടിയാണ് ഒളിച്ചോട്ടം. ആകെ ഒരു ശൂന്യതയിലേക്ക്.പക്ഷെ എത്ര നാൾ ...പ്രതീക്ഷ നൽകുന്ന ഒരു പ്രകാശ കിരണം കാണുമ്പോഴേക്കും ഞാനും നീയും വെളിച്ചമുള്ള അരങ്ങിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും.
ദിവസവും നാം ഒത്തിരി ആളുകളെ പരിചയപ്പെടുന്നു.ചിലരുമായി ഇണങ്ങുന്നു ചിലരുമായി പിണങ്ങുന്നു.ഞാൻ അടങ്ങുന്ന ലോകത്തെ ഉള്ളിരുത്തി ഒന്ന് നോക്കുമ്പോൾ മനസിലാക്കാൻ എന്തൊക്കെയോ ഉണ്ട് എന്ന ബോധ്യമാണ് പലപ്പോഴും ഉണ്ടാവുക .പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുണ്ട് നമ്മുടെ ഇടയിലും.ചിലപ്പോൾ ഇത് എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും!ഇനി വേറെ ചിലരുണ്ട് ആരെങ്കിലും ഇരിക്കുന്ന കൊമ്പൊടിച്ചായാലും മറ്റുള്ളവർക്ക് കൂരമേഞ്ഞു  കൊടുക്കുന്നവർ.ഇവിടെയും വേണ്ടത് ഒന്ന് മാത്രമാണ്-മറ്റുള്ളവരുടെ പ്രീതി.വിൽഫ്രാടോ പരേട്ടോ സിദ്ധാന്തങ്ങൾക്ക് ഇവിടെ എന്തോ അല്പം പ്രാധാന്യം നല്കേണ്ടതായി തോന്നുന്നു.വെറുമൊരു ചോരക്കുഞ്ഞായി പിറന്നു വീണതും കണ്ണടയുമ്പോൾ വെറും കയ്യോടെ മണ്ണിലേക്ക് മടങ്ങി പോകേണ്ടാതിനെയും എന്തോ മറന്നു  പോലെ .എല്ലാം മായയാണ്;അതിനപ്പുറം മായവും.ഇങ്ങനെ പാവങ്ങളുടെ ചോറിൽ പാഷാണം കലർത്തി നല്കുന്ന ചിലർക്ക് ദൈവം കനത്ത ശിക്ഷ നൽകാറുണ്ട്.സകല സൃഷ്ടികൾക്കും കാരണക്കാരനായി ഈ ലോകത്തെ ഏറ്റം സ്നേഹിക്കുന്നവനായ ദൈവം- ആ ദൈവത്തെ ഞാനും നീയും ചേർന്ന് ഈ ലോകത്താൽ വേദനിക്കുന്ന ഒരു ദൈവമാക്കി മാറ്റുന്നു .എങ്കിലും അവസാനം എന്റെയും നിന്റെയും ദൈവം വീണ്ടും ക്ഷമിക്കും നമ്മെ വീണ്ടെടുത്ത് ആദ്യത്തേക്കാൾ അധികമായി സ്നേഹിക്കും.

ഇതിനപ്പുറം നന്മയുടെ നറുമണം കാത്തു സൂക്ഷിക്കുന്ന ധാരാളം ആള്ക്കാരും  നമ്മുടെ ഇടയിലും ചുറ്റിലുമുണ്ടെന്നത് മറ്റൊരു യാഥാർത്ഥ്യത്തെ മറച്ചു വെയ്ക്കാൻ കഴിയില്ല .പക്ഷേ ഈ മുഖങ്ങളെ സമൂഹത്തിൽ തിരിച്ചറിയുക പ്രയാസമാണ്.പ്രതീഷിക്കാത്ത നേരത്താവാം സാഹചര്യങ്ങളിലവാം ഇങ്ങനെയുള്ളവരുടെ ഇടപെടലുകൾ.നേരും നന്മയും ഏതൊരു മനുഷ്യനും തീരെ ഉണ്ടാവാതിരിക്കില്ല.മാരക കുറ്റം ചെയ്ത് ജയിലഴികൾക്ക്‌ പിന്നിൽ കഴുമരം കാത്ത് നിൽക്കുന്നവന്റെ ഉള്ളിൽ പോലും നന്മയുടെയും സ്നേഹത്തിന്റെയും ഒരംശമെങ്കിലും ശേഷിക്കുന്നുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു.എന്റെയും നിന്റെയും മനസ്സിലെ നന്മയുടെ തിരിനാളം ഇനിയും അണയാതെ നില്ക്കുന്നു എന്നത്   എൻറെ പ്രതീക്ഷ!വക്രബുദ്ധിയാൽ നാം  നേടിയതൊന്നും യഥാർത്ഥ നേട്ടമല്ല എന്ന് ഞാനും നീയും തിരിച്ചറിയുന്നെങ്കിൽ ,ചെയ്ത തെറ്റുകളൊക്കെയും ക്ഷമിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ദൈവം നമുക്കുണ്ടെങ്കിൽ ഇനിയും വൈകിക്കുന്നതെന്തിന് .എനിക്കും നിനക്കുമായ് വീണ്ടും കാത്തുനില്ക്കുന്ന ഒരു ലോകം നമുക്ക് മുന്പിലുണ്ട്.യുവത്വം ഹരമേറിയാതാണ് ഒപ്പം ത്വരിതവും.യൗവനത്തിലേ സൃഷവിനെ അറിഞ്ഞ് ,അവിടുത്തെ വഴികളിൽ നടക്കാൻ നമുക്കും ആഗ്രഹിച്ചു കൂടെ?ഞാനും നീയും ഈ ലോകത്തിനു ഒരു അനുഗ്രഹമായി തീരട്ടെ !




                            ***************************************************

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

നോവോർമ്മക്കൊടുവിലൊരു കയ്യൊപ്പ് ...



നിറഞ്ഞൊഴുകിയ  മിഴിനീരിലും  കാണാതെ മറഞ്ഞ ചില സത്യങ്ങളുണ്ടായിരുന്നു..നിനക്ക് നോവാതിരിക്കാൻ ഞാനൊളിപ്പിച്ച ചില മുള്ളുകൾ ...ജന്മം മുഴുവനും ഞാനും നീയും ഒരുമിച്ചിരുന്നാലും നീ കാണാത്ത ഏതാനും ചില നൊമ്പരങ്ങൾ. വെറും  ചേമ്പിലയിൽ  സ്ഫടിക കഷ്ണങ്ങൾ   എന്നത് പോലെ അടിയുറയ്ക്കാത്ത   ചില ബന്ധങ്ങളുണ്ട്.അവയിലൊന്നായിരിക്കാംഇതും.

സ്നേഹത്തിന് ഏറെ നിർവചനങ്ങൾ നല്കപ്പെട്ടിട്ടുണ്ട് ഞാനും നീയും അറിഞ്ഞതും അറിയാത്തതുമായ ഏറെ നിർവചനങ്ങൾ. അവയൊന്നും നാം തീർത്ത നിർവചനങ്ങളിൽ ഒന്നുമായി പൊരുത്തപ്പെടാൻ സാധ്യതയില്ല.കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടല്ല..എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു  ദൈവം എനിക്കുണ്ട്.ആ സ്നേഹത്തണലിൽ ഞാൻ ആയിരുന്നപ്പോൾ നിന്നെയും ഒരുപാട് സ്നേഹിച്ചുപോയി.വലിയ സ്വപ്‌നങ്ങൾ നെയ്തതായോന്നും ഓർക്കുന്നില്ല.എങ്കിലും ഒന്ന്  മാത്രം ആഗ്രഹിച്ചു നീയൊരിക്കലും നഷ്ടപ്പെടരുതേ എന്ന്.

'ജനിച്ചു നീ വീണത് എൻറെ കൈകളിലേക്കായിരുന്നില്ല.അവകാശം അമ്മയായിരിക്കെ എനിക്കായിരുന്നെങ്കിലും പലപ്പോഴും മുലപ്പാലിനപ്പുറം നിന്നെ എന്നോട് ചേർക്കാൻ എനിക്കായില്ല...'
'കുപ്പിപ്പാലും കുറുക്കും മാത്രമേ നിനക്ക്  നൽകാനായുള്ളു..നിൻറെ  കുട്ടിക്കുറുൻബുകൾക്ക് ഒരു ചെറു മുത്തവും.ഇന്ന്  നീ വലുതായപ്പോൾ ഞാൻ നിനക്ക് അധീനയാണ് ..കാരണം ഞാനൊരു പെണ്ണാണല്ലോ...'

'സ്വപ്‌നങ്ങൾ നെയ്തു നാം അങ്ങനെ പ്രണയിക്കുകയായിരുന്നു.ഒരു മൂക പ്രണയം..ലാളനങ്ങൾക്കെല്ലാം ഒടുവിൽ ഞാൻ നീയെന്ന വ്യക്തിയെയും നീ ഞാനെന്ന വ്യക്തിയെയും മനസിലാക്കാതെ അകന്നു.'

'കൂടെ എന്നും  നിഴലായ്  നീ  നടക്കുന്നു എന്ന് ഞാൻ ധരിച്ചു.യാത്രയ്ക്കൊടുവിൽ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ നിൻറെ നിഴൽ പോലുമെന്റെ പിന്നിൽ ഇല്ലാത്തതായി ഞാൻ  അറിഞ്ഞു.ഞാൻ തനിയെ നടക്കാറായി എന്ന് നിനക്ക് തോന്നിയപ്പോൾ നീ പിന്മാറിയാതവാം.എങ്കിലും....'

'വിശുദ്ധിയും വിശ്വാസവും നന്മയും സ്നേഹവും നീയാണ് എന്നെ പഠിപ്പിച്ചത്.അവസാനം അത് നമുക്കിടയിൽ ഇല്ലാതായത് പോലെ ...'
 
 'പിന്നെ നമുക്ക്  മക്കളുണ്ടായി..അവരെ നാം വളർത്തി വലുതാക്കി..അവർക്കും  മക്കളുണ്ടായി.ആരോ അതിനെ സന്തുഷ്ട കുടുംബം എന്ന് വിളിച്ചു.സ്നേഹം പങ്കുവെച്ച് നല്കാൻ ആളേറിയതിനാലാവാം എവിടെയോ നാം നമ്മെ തന്നെ സ്നേഹിക്കതെയായി...'

'ദൈവം എല്ലാം കാണുന്നു എന്ന് നാം വിശ്വിച്ചു.എന്നാൽ എല്ലാവരെയും സ്നേഹിക്കുന്നതിനിടയിൽ ദൈവത്തെ മാത്രം  സ്നേഹിക്കാൻ നാം മറന്നു...'

ചിലരുടെ ജീവിതത്തിൽ ഇങ്ങനെ ചില പരാതികളും പരിഭവങ്ങളും മാത്രമേയുള്ളൂ ...ബന്ധങ്ങളിൽ സ്നേഹത്തിനപ്പുറം ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ ഉണ്ടാവുന്ന ഏതാനും ചില വിള്ളലുകൾ...എന്നേക്കാൾ ശ്രേഷ്ടരായി നീ പലരെയും കണ്ടെത്തുമ്പോൾ ചിലപ്പോൾ എനിക്കുണ്ടാകുന്ന കുശുൻബ് ...ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും നീ  വിശ്വസിക്കുമ്പോൾ സ്വയം നിനക്കില്ലാതാവുന്ന  ആത്മവിശ്വസം...പിന്നെ എനിക്ക് നിന്നെയും നിനക്ക് എന്നെയും മനസ്സിലാക്കാനോ അംഗീകരിക്കാനോ  സാധിക്കുന്നില്ല. പിന്നെ മുള്ളുകളുണ്ടായി,മുറിവായി..അത് പിന്നെ വേദനയായി...

നൊമ്പരങ്ങളുടെ കഥകൾ  ഇങ്ങനെ നിരത്തി എഴുതുന്ന എൻറെ പ്രിയ സുഹൃത്തുക്കളേ ,എനിക്ക് നിങ്ങളോട് പറയാൻ ഒന്ന് മാത്രമേയുള്ളൂ:

"എന്റെ മുള്ളുകളെയാണ് ഞാൻ ഇന്നേറെ സ്നേഹിക്കുന്നത് ,കാരണം അവയാണ് എന്നെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്.ഇന്ന് ഞാൻ അവയെ ഏറ്റം നന്ദിയോടെ ഓർക്കുന്നു അവക്കായി പ്രാർത്ഥിക്കുന്നു."മറക്കാം പൊറുക്കാം..ഇനിയും കാത്തിരിക്കാം.അത് ദൈവ ഹിതം.

നോവോർമ്മയുടെ ചുവരിലായ് ഒരു വാക്ക് കൂടി കുറിച്ചിടുന്നു-പ്രതീക്ഷ!!!

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

വാക്ക്

വാക്കുകൾക്ക് പറഞ്ഞറിയിക്കാനാവാത്തത്
 എന്തൊക്കയോ ഉണ്ട് എന്ന് ഞാൻ അറിയുന്നു.
ചില സ്നേഹവും ചില നൊമ്പരങ്ങളും...
മൗനം പലപ്പോഴും എല്ലാത്തിനും
 ഒരു ഉത്തരമാകുമ്പോലെ
മൗനം-എന്നിലേക്കും നിന്നിലേക്കു-
മുള്ള ശരിയായ ഒരു നോട്ടം.
ഉള്ളറകളിലേക്ക് .. !!!

കണ്ണുകൾക്കും ഒത്തിരിയെന്തൊക്കെയോ പറയാനാവും
.നിൻറെ സ്നേഹവും കരുണയും ആത്മീയതയും
ചിലപ്പോൾ നിൻറെ അഹന്തയും കോപവും.
എപ്പോഴോ ദൈവം കണ്ട ഒരു സ്വപ്നം    
പോലെ എൻറെ ജീവിതം മാറുന്നു.
അവസാനം ഞാനും നീയും ചെന്നെത്തി
മയങ്ങാനൊരിടം വേണം-
കല്ലറകളിലേക്ക്!!!! 

ഉചിതവും ഉത്തവുമല്ലാത്തതൊന്നും ഈ 'ഉത്തമനു'
വേണ്ട എന്ന് എപ്പോഴും  വാശി പിടിക്കുമ്പോൾ
അറിയാതെ നിൻറെയും എൻറെയും
മനസ്സ് കോറുന്ന ചില ചിന്തകൾ 
ഉത്തമമെന്നതിനുള്ള അർത്ഥം
വലുതെന്നതിന്റെ വ്യാഖ്യാനം
ഒടുവിൽ നാം ചെന്നെത്തും -
ചിന്തകളിലേക്ക്...!!!

വാക്കുകൾക്ക് ഇനിയും എന്തൊക്കയോ -
പറയാനവാത്തതായുണ്ട് ...!!




2015, മാർച്ച് 22, ഞായറാഴ്‌ച

എനിക്കൊരിഷ്ടം

നേരിന്റെ നിര്യാണത്തിനൊപ്പം നിൻറെ ഓർമകളും മരിച്ചിരുന്നെങ്കിൽ..ഏതോ വിജനതയിലൂടെ കടന്നു പോകുവനോരിഷ്ടം.നന്മയുടെയും നർമ്മത്തിന്റെയും  അടിവേരുകളെ തേടി അലയുമ്പോൾ കണ്ടുമുട്ടുന്ന ഏതാനും ചില   'കള'വൃക്ഷത്തിൻറെ നാരുവേരുകൾ ...വേലി തീർത്ത് ഞെരുക്കിക്കൊല്ലാൻ ഒരുമ്പുന്ന ആ ഒരു പ്രത്യേക അവസ്ഥയിലാവാം ഞാൻ അങ്ങനെ ചിന്തിച്ചത് നേര് മരണപ്പെട്ടെന്ന്.

ഒരു മഴ-ആർത്തിരമ്പിയെത്തിയ ആ ഒരു മഴ ,കൊണ്ട് വന്ന പ്രളയം...ഒലിച്ചുപോയ മേൽമണ്ണ്‍ .കള വൃക്ഷത്തിൻറെ നാരു വേരുകൾക്ക് ഇനിയെന്നെ ചുറ്റി വരിഞ്ഞ് ഞെരുക്കാനവില്ല .ഇപ്പോഴെനിക്ക്‌ നന്മയുടെയും നേരിന്റെയും അടിവേരുകളെ വ്യക്തമായി കാണാം.മണ്ണിൽ ആഴ്ന്നിറങ്ങിയ സത്യങ്ങളെ കാണിച്ചു തരാൻ ഇങ്ങനെ ഒരു മഴ അനുവദിച്ചത് ആരാണ്??ഇത് ഒരു ഉത്തരമില്ലാത്ത ചോദ്യമല്ല .ഞാൻ ഞെരുക്കത്തിലായിരുന്നപ്പോഴും സർവ്വത്തിനും പ്രകാശമരുളി    മൗനം പാലിച്ചു നിന്ന ആ വലിയ ശക്തിയെ ഇന്ന് ഞാൻ തിരിച്ചറിയുന്നു .ശക്തിയെക്കാളുപരി സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കാൻ കഴിയുന്ന ഒരു ദൈവം എനിക്കുണ്ട് .

ആ സ്നേഹത്തണലിൽ ജീവിക്കാനൊരിഷ്ടം..!!

2015, മാർച്ച് 11, ബുധനാഴ്‌ച

ഒരു നുറുങ്ങു വെട്ടം.....

ഇന്ന് എനിക്ക് അധികമായൊന്നും പറയാനില്ല:
കർമ്മം ചെയ്യുക എന്നതാണെന്റെ കർമ്മം എന്ന് ഒരു മഹാത്മാവ് പറഞ്ഞതായി ഓർക്കുന്നു.ഇതിനെ പറ്റി ചിന്തിച്ചപ്പോൾ എന്റെ ചിന്തകൾ എത്തി നിന്നത് 'ഞാൻ ചെയ്യുന്ന ഓരോ കർമ്മവും എന്തിനു വേണ്ടിയാണ് ആർക്ക് വേണ്ടിയാണ് ' എന്നുള്ള മറ്റൊരു ചിന്തയിലാണ്.എന്റെ പ്രകാശം എവിടെ നിന്ന് വരുന്നുവോ അതിനെ നിത്യപ്രകാശമായ് ഏറ്റെടുക്കാൻ  നാം ശ്രമിക്കാറുണ്ട് .ഇനിയുള്ളത് നിത്യം ജ്വലിക്കുന്ന സൂര്യനാണോ  വെളിച്ചത്തെ പ്രതിഫലിപ്പിക്കുക  മാത്രം ചെയ്യുന്ന ചന്ദ്രനാണോ നമുക്ക് പ്രകാശം നല്കുന്നത് എന്നതാണ് .ചന്ദ്രൻറെ പ്രകാശം മാത്രം ഏറ്റു വാങ്ങി പൗർണമിയുടെ സൗന്ദര്യം ആസ്വദിച്ച് നിലകൊള്ളുമ്പോൾ യഥാർത്ഥ പ്രകാശ സ്രോതസിനെ കാണാതെ പോവുകയോ മറന്നു പോവുകയോ ചെയ്യാറുണ്ട് ...എന്നാൽ ഒരു അമാവാസി എന്റെയും നിന്റെയും ജീവിതത്തിൽ വരുമെന്ന യഥാർത്യത്തെ മറക്കാനാവില്ല..അന്ന് ഞാനും നീയും നിത്യം പ്രകാശമരുളുന്ന സൂര്യനെ അറിയാതിരിക്കില്ല...യഥാർത്ഥ നിറങ്ങളെയും അറിയാതിരിക്കില്ല  !!!

"അവൻ വലുതാവുകയും ഞാൻ ചെറുതാവുകയും ചെയ്യട്ടെ "

2015, മാർച്ച് 5, വ്യാഴാഴ്‌ച

പുതിയ നിറത്തിൽ ഒരു കുറിപ്പ്

 

കുഞ്ഞു നേതാവേ നിന്നോട് ,
ജീവിതത്തിന്റെ നിറം മങ്ങുന്നു എന്ന് തോന്നുമ്പോൾ ഒന്ന് അല്പം വെളിച്ചം ഉള്ള ഇടത്തേക്ക് മാറി നില്ക്കുക.നിന്റെ നിറം മങ്ങൽ നിനക്കിപ്പോൾ വ്യക്തമായി കാണാം.അത് നിന്നിൽ വീണ്ടും അപകർഷതാബോധം ജനിപ്പിച്ചേക്കാം.സ്വയം ഇല്ലാതാവുന്നത് പോലെ തോന്നുന്നില്ലേ!..
 നിന്റെ വേദന ഇനിയും ഇരട്ടിയായി മാറിയേക്കാം.ഇനിയൊന്നു തിരിഞ്ഞു നോക്കിയേ,ആയിരങ്ങൾ നിന്നെ ഉറ്റുനോക്കുന്നുണ്ട്...നിന്റെ ഓരോ ചലനവും നിന്റെ മുഖഭാവങ്ങളും ശ്രദ്ധിച്ച് ആരൊക്കെയോ നിനക്ക് നേരെ കണ്ണുകളെറിയുന്നുണ്ട്...ഇനി നീ നിന്നെ അറിയുക,നിനക്കായ്‌ കാതോർത്തിരിക്കുന്നവരെയും...സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ കാലിടറുമ്പോൾ നീ ഇനി പതറരുത് ;തകർന്നടിയരുത് .വീഴ്ചകളും നിറം മങ്ങലുകളും ഒന്നിച്ച് വായിച്ചെടുക്കുക. നിനക്ക് മുൻപിൽ രചിക്കപ്പെടുന്ന പുതിയ കാവ്യത്തെ കാണുക...പുതിയ പ്രതീക്ഷളുടെ ഒരു നല്ല കാവ്യമല്ലേ അത് എന്നൊന്ന് പരിശോധിക്കുക.മങ്ങി മാറുന്ന നിറം ചെന്നെത്തുന്നത് പുതിയ ഒരു നിറത്തിലേക്കല്ലേ?പുതിയ നിറത്തെ കണ്ടെത്തുന്നതിനും അറിയുന്നതിനും നിനക്ക് ആവശ്യം വെളിച്ചമാണ്.വെളിച്ചം എവിടുന്നു വരുമെന്നതാവും നിന്റെ അടുത്ത സമസ്യ..നിന്റെ ഉള്ളിലേക്ക്    ഒന്ന്  നോക്കുക...നോവിലെവിടെയോ മയങ്ങിയ നിന്റെ മനസ്സിനെ ഒന്ന് മെല്ലെ തട്ടിയുണർത്തുക .നിന്റെ വെളിച്ചം അവിടെയുണ്ട് .ഇപ്പോൾ,അത് നിന്റെ  ചെവിയിലായ് ചെറുതായെന്തോ  മന്ത്രിക്കുന്നില്ലേ 'ഉണരുക,ഒരു പുതിയ നിറത്തെ ഞാൻ നിനക്ക് കാണിച്ച് തരാം..നിറം മങ്ങുന്നില്ല ;പുതിയ ഒരു നിറമായ്‌ മാറുന്നതേയുള്ളൂ .നിറം മങ്ങലുകളെ കുറിച്ചോർത്ത് ഇനി ദു:ഖിക്കേണ്ട,പുതിയ നിറങ്ങളാൽ സന്തോഷിക്കുക..'ഒരു നിമിഷം നിശബ്ദമാവുക..തിരിച്ചറിയുക അറിയേണ്ടവയൊക്കയും.
സൃഷ്ടപ്രപഞ്ചം ദൈവകരങ്ങളിൽ സുരക്ഷിതമാണ്.ആകുലതകളെന്നും ഞാനും നീയും ചേർന്ന് ഉണ്ടാക്കിയെടുക്കുന്നവയും.അവിടുന്ന് അനുവദിക്കുന്ന നിറം മാറ്റങ്ങളെ നിറം മങ്ങലുകളായ്   നാം കണക്കാക്കുമ്പോൾ ഇല്ലാതാവുന്നവ ഏറെ വിലപ്പെട്ടവയായേക്കാം..'ഇതാണ് നിന്റെ വഴി ഇതിലെ പോവുക..' എന്നു പറയുന്നവനോട്‌ ചേർന്ന് നിന്ന് യഥാർത്ഥ വഴിയെ തിരിച്ചറിയുന്നതിൽ നീ ചിന്ത ചെലുത്തുക.വെളിച്ചം നിന്നെ നയിക്കട്ടെ ..!


 ഹൈന്ദവ  പുരാണത്തി ഒരു കഥയുണ്ട്‌-' മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു  അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ  വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളികയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളികയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല.  
വിഷ്ണുവിൻറെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിക തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ  പിന്നീട്‌ വിഷ്ണുവിൻറെ  അവതാരമായ നരസിംഹം കൊലപ്പെടുത്തി. '


 തൻറെ നിത്യമായ വെളിച്ചത്തെ കണ്ടെത്തിയ പ്രഹ്ലാദൻ മരണത്തിനു  മുന്നിൽ പോലും പതറുന്നില്ല .തൻറെ  ഈശ്വരനെ  ചോദ്യം ചെയ്യാതെ   പുതിയ നിറത്തിലേക്കും പ്രതീക്ഷയിലേക്കും  ദൃഷ്ടി  പതിപ്പിക്കുന്ന ഒരു  ഹൃദയത്തെയല്ലേ  പ്രസ്തുത പുരാണം വരച്ചു കാണിക്കുന്നത്.പിതാവിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ ഒരു ഭീരുവായ് നിന്ന്  പ്രഹ്ലാദനു  ഒരു നിറം മങ്ങൽ  ഏറ്റുവാങ്ങാമായിരുന്നു ,എന്നാൽ അവസാനം മറ്റൊന്നായേനെ .തിളങ്ങുന്ന വാളിനും  ജ്വലിക്കുന്ന അഗ്നിക്കും മുൻപിൽ പ്രഹ്ലാദൻ  നിന്ന് വിറച്ചില്ല ...പുതിയ നിറത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു...അതിനുള്ള  പ്രതിഫലവും വലുതായിരുന്നു-തനിക്ക് ജീവനും വെളിച്ചവും നൽകിയവന്റെ കരുതൽ ...ഒരു പുനർജന്മം - തിന്മയുടെ മേൽ  നന്മ വിജയം  വരിച്ച  ഒരു  പുനർജന്മം...ഒരു പുത്തൻ  നിറമായ്‌ പുതു ജീവനിലേക്ക് .

നിനക്കും ഒരു പുനർജന്മം ആവശ്യമല്ലേ...പുത്തൻ  നിറവും പുതു ജീവനും നീയും ആശിക്കുന്നില്ലേ ? 
നാളെ നീ ഒരു വലിയ നേതാവാകണം..ഇതെൻറെ പ്രാർത്ഥന ,എന്റെ ആശംസ .!