2015, മാർച്ച് 5, വ്യാഴാഴ്‌ച

പുതിയ നിറത്തിൽ ഒരു കുറിപ്പ്

 

കുഞ്ഞു നേതാവേ നിന്നോട് ,
ജീവിതത്തിന്റെ നിറം മങ്ങുന്നു എന്ന് തോന്നുമ്പോൾ ഒന്ന് അല്പം വെളിച്ചം ഉള്ള ഇടത്തേക്ക് മാറി നില്ക്കുക.നിന്റെ നിറം മങ്ങൽ നിനക്കിപ്പോൾ വ്യക്തമായി കാണാം.അത് നിന്നിൽ വീണ്ടും അപകർഷതാബോധം ജനിപ്പിച്ചേക്കാം.സ്വയം ഇല്ലാതാവുന്നത് പോലെ തോന്നുന്നില്ലേ!..
 നിന്റെ വേദന ഇനിയും ഇരട്ടിയായി മാറിയേക്കാം.ഇനിയൊന്നു തിരിഞ്ഞു നോക്കിയേ,ആയിരങ്ങൾ നിന്നെ ഉറ്റുനോക്കുന്നുണ്ട്...നിന്റെ ഓരോ ചലനവും നിന്റെ മുഖഭാവങ്ങളും ശ്രദ്ധിച്ച് ആരൊക്കെയോ നിനക്ക് നേരെ കണ്ണുകളെറിയുന്നുണ്ട്...ഇനി നീ നിന്നെ അറിയുക,നിനക്കായ്‌ കാതോർത്തിരിക്കുന്നവരെയും...സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ കാലിടറുമ്പോൾ നീ ഇനി പതറരുത് ;തകർന്നടിയരുത് .വീഴ്ചകളും നിറം മങ്ങലുകളും ഒന്നിച്ച് വായിച്ചെടുക്കുക. നിനക്ക് മുൻപിൽ രചിക്കപ്പെടുന്ന പുതിയ കാവ്യത്തെ കാണുക...പുതിയ പ്രതീക്ഷളുടെ ഒരു നല്ല കാവ്യമല്ലേ അത് എന്നൊന്ന് പരിശോധിക്കുക.മങ്ങി മാറുന്ന നിറം ചെന്നെത്തുന്നത് പുതിയ ഒരു നിറത്തിലേക്കല്ലേ?പുതിയ നിറത്തെ കണ്ടെത്തുന്നതിനും അറിയുന്നതിനും നിനക്ക് ആവശ്യം വെളിച്ചമാണ്.വെളിച്ചം എവിടുന്നു വരുമെന്നതാവും നിന്റെ അടുത്ത സമസ്യ..നിന്റെ ഉള്ളിലേക്ക്    ഒന്ന്  നോക്കുക...നോവിലെവിടെയോ മയങ്ങിയ നിന്റെ മനസ്സിനെ ഒന്ന് മെല്ലെ തട്ടിയുണർത്തുക .നിന്റെ വെളിച്ചം അവിടെയുണ്ട് .ഇപ്പോൾ,അത് നിന്റെ  ചെവിയിലായ് ചെറുതായെന്തോ  മന്ത്രിക്കുന്നില്ലേ 'ഉണരുക,ഒരു പുതിയ നിറത്തെ ഞാൻ നിനക്ക് കാണിച്ച് തരാം..നിറം മങ്ങുന്നില്ല ;പുതിയ ഒരു നിറമായ്‌ മാറുന്നതേയുള്ളൂ .നിറം മങ്ങലുകളെ കുറിച്ചോർത്ത് ഇനി ദു:ഖിക്കേണ്ട,പുതിയ നിറങ്ങളാൽ സന്തോഷിക്കുക..'ഒരു നിമിഷം നിശബ്ദമാവുക..തിരിച്ചറിയുക അറിയേണ്ടവയൊക്കയും.
സൃഷ്ടപ്രപഞ്ചം ദൈവകരങ്ങളിൽ സുരക്ഷിതമാണ്.ആകുലതകളെന്നും ഞാനും നീയും ചേർന്ന് ഉണ്ടാക്കിയെടുക്കുന്നവയും.അവിടുന്ന് അനുവദിക്കുന്ന നിറം മാറ്റങ്ങളെ നിറം മങ്ങലുകളായ്   നാം കണക്കാക്കുമ്പോൾ ഇല്ലാതാവുന്നവ ഏറെ വിലപ്പെട്ടവയായേക്കാം..'ഇതാണ് നിന്റെ വഴി ഇതിലെ പോവുക..' എന്നു പറയുന്നവനോട്‌ ചേർന്ന് നിന്ന് യഥാർത്ഥ വഴിയെ തിരിച്ചറിയുന്നതിൽ നീ ചിന്ത ചെലുത്തുക.വെളിച്ചം നിന്നെ നയിക്കട്ടെ ..!


 ഹൈന്ദവ  പുരാണത്തി ഒരു കഥയുണ്ട്‌-' മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു  അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ  വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളികയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളികയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല.  
വിഷ്ണുവിൻറെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിക തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ  പിന്നീട്‌ വിഷ്ണുവിൻറെ  അവതാരമായ നരസിംഹം കൊലപ്പെടുത്തി. '


 തൻറെ നിത്യമായ വെളിച്ചത്തെ കണ്ടെത്തിയ പ്രഹ്ലാദൻ മരണത്തിനു  മുന്നിൽ പോലും പതറുന്നില്ല .തൻറെ  ഈശ്വരനെ  ചോദ്യം ചെയ്യാതെ   പുതിയ നിറത്തിലേക്കും പ്രതീക്ഷയിലേക്കും  ദൃഷ്ടി  പതിപ്പിക്കുന്ന ഒരു  ഹൃദയത്തെയല്ലേ  പ്രസ്തുത പുരാണം വരച്ചു കാണിക്കുന്നത്.പിതാവിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ ഒരു ഭീരുവായ് നിന്ന്  പ്രഹ്ലാദനു  ഒരു നിറം മങ്ങൽ  ഏറ്റുവാങ്ങാമായിരുന്നു ,എന്നാൽ അവസാനം മറ്റൊന്നായേനെ .തിളങ്ങുന്ന വാളിനും  ജ്വലിക്കുന്ന അഗ്നിക്കും മുൻപിൽ പ്രഹ്ലാദൻ  നിന്ന് വിറച്ചില്ല ...പുതിയ നിറത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു...അതിനുള്ള  പ്രതിഫലവും വലുതായിരുന്നു-തനിക്ക് ജീവനും വെളിച്ചവും നൽകിയവന്റെ കരുതൽ ...ഒരു പുനർജന്മം - തിന്മയുടെ മേൽ  നന്മ വിജയം  വരിച്ച  ഒരു  പുനർജന്മം...ഒരു പുത്തൻ  നിറമായ്‌ പുതു ജീവനിലേക്ക് .

നിനക്കും ഒരു പുനർജന്മം ആവശ്യമല്ലേ...പുത്തൻ  നിറവും പുതു ജീവനും നീയും ആശിക്കുന്നില്ലേ ? 
നാളെ നീ ഒരു വലിയ നേതാവാകണം..ഇതെൻറെ പ്രാർത്ഥന ,എന്റെ ആശംസ .!


അഭിപ്രായങ്ങളൊന്നുമില്ല: