2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

നോവോർമ്മക്കൊടുവിലൊരു കയ്യൊപ്പ് ...



നിറഞ്ഞൊഴുകിയ  മിഴിനീരിലും  കാണാതെ മറഞ്ഞ ചില സത്യങ്ങളുണ്ടായിരുന്നു..നിനക്ക് നോവാതിരിക്കാൻ ഞാനൊളിപ്പിച്ച ചില മുള്ളുകൾ ...ജന്മം മുഴുവനും ഞാനും നീയും ഒരുമിച്ചിരുന്നാലും നീ കാണാത്ത ഏതാനും ചില നൊമ്പരങ്ങൾ. വെറും  ചേമ്പിലയിൽ  സ്ഫടിക കഷ്ണങ്ങൾ   എന്നത് പോലെ അടിയുറയ്ക്കാത്ത   ചില ബന്ധങ്ങളുണ്ട്.അവയിലൊന്നായിരിക്കാംഇതും.

സ്നേഹത്തിന് ഏറെ നിർവചനങ്ങൾ നല്കപ്പെട്ടിട്ടുണ്ട് ഞാനും നീയും അറിഞ്ഞതും അറിയാത്തതുമായ ഏറെ നിർവചനങ്ങൾ. അവയൊന്നും നാം തീർത്ത നിർവചനങ്ങളിൽ ഒന്നുമായി പൊരുത്തപ്പെടാൻ സാധ്യതയില്ല.കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടല്ല..എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു  ദൈവം എനിക്കുണ്ട്.ആ സ്നേഹത്തണലിൽ ഞാൻ ആയിരുന്നപ്പോൾ നിന്നെയും ഒരുപാട് സ്നേഹിച്ചുപോയി.വലിയ സ്വപ്‌നങ്ങൾ നെയ്തതായോന്നും ഓർക്കുന്നില്ല.എങ്കിലും ഒന്ന്  മാത്രം ആഗ്രഹിച്ചു നീയൊരിക്കലും നഷ്ടപ്പെടരുതേ എന്ന്.

'ജനിച്ചു നീ വീണത് എൻറെ കൈകളിലേക്കായിരുന്നില്ല.അവകാശം അമ്മയായിരിക്കെ എനിക്കായിരുന്നെങ്കിലും പലപ്പോഴും മുലപ്പാലിനപ്പുറം നിന്നെ എന്നോട് ചേർക്കാൻ എനിക്കായില്ല...'
'കുപ്പിപ്പാലും കുറുക്കും മാത്രമേ നിനക്ക്  നൽകാനായുള്ളു..നിൻറെ  കുട്ടിക്കുറുൻബുകൾക്ക് ഒരു ചെറു മുത്തവും.ഇന്ന്  നീ വലുതായപ്പോൾ ഞാൻ നിനക്ക് അധീനയാണ് ..കാരണം ഞാനൊരു പെണ്ണാണല്ലോ...'

'സ്വപ്‌നങ്ങൾ നെയ്തു നാം അങ്ങനെ പ്രണയിക്കുകയായിരുന്നു.ഒരു മൂക പ്രണയം..ലാളനങ്ങൾക്കെല്ലാം ഒടുവിൽ ഞാൻ നീയെന്ന വ്യക്തിയെയും നീ ഞാനെന്ന വ്യക്തിയെയും മനസിലാക്കാതെ അകന്നു.'

'കൂടെ എന്നും  നിഴലായ്  നീ  നടക്കുന്നു എന്ന് ഞാൻ ധരിച്ചു.യാത്രയ്ക്കൊടുവിൽ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ നിൻറെ നിഴൽ പോലുമെന്റെ പിന്നിൽ ഇല്ലാത്തതായി ഞാൻ  അറിഞ്ഞു.ഞാൻ തനിയെ നടക്കാറായി എന്ന് നിനക്ക് തോന്നിയപ്പോൾ നീ പിന്മാറിയാതവാം.എങ്കിലും....'

'വിശുദ്ധിയും വിശ്വാസവും നന്മയും സ്നേഹവും നീയാണ് എന്നെ പഠിപ്പിച്ചത്.അവസാനം അത് നമുക്കിടയിൽ ഇല്ലാതായത് പോലെ ...'
 
 'പിന്നെ നമുക്ക്  മക്കളുണ്ടായി..അവരെ നാം വളർത്തി വലുതാക്കി..അവർക്കും  മക്കളുണ്ടായി.ആരോ അതിനെ സന്തുഷ്ട കുടുംബം എന്ന് വിളിച്ചു.സ്നേഹം പങ്കുവെച്ച് നല്കാൻ ആളേറിയതിനാലാവാം എവിടെയോ നാം നമ്മെ തന്നെ സ്നേഹിക്കതെയായി...'

'ദൈവം എല്ലാം കാണുന്നു എന്ന് നാം വിശ്വിച്ചു.എന്നാൽ എല്ലാവരെയും സ്നേഹിക്കുന്നതിനിടയിൽ ദൈവത്തെ മാത്രം  സ്നേഹിക്കാൻ നാം മറന്നു...'

ചിലരുടെ ജീവിതത്തിൽ ഇങ്ങനെ ചില പരാതികളും പരിഭവങ്ങളും മാത്രമേയുള്ളൂ ...ബന്ധങ്ങളിൽ സ്നേഹത്തിനപ്പുറം ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ ഉണ്ടാവുന്ന ഏതാനും ചില വിള്ളലുകൾ...എന്നേക്കാൾ ശ്രേഷ്ടരായി നീ പലരെയും കണ്ടെത്തുമ്പോൾ ചിലപ്പോൾ എനിക്കുണ്ടാകുന്ന കുശുൻബ് ...ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും നീ  വിശ്വസിക്കുമ്പോൾ സ്വയം നിനക്കില്ലാതാവുന്ന  ആത്മവിശ്വസം...പിന്നെ എനിക്ക് നിന്നെയും നിനക്ക് എന്നെയും മനസ്സിലാക്കാനോ അംഗീകരിക്കാനോ  സാധിക്കുന്നില്ല. പിന്നെ മുള്ളുകളുണ്ടായി,മുറിവായി..അത് പിന്നെ വേദനയായി...

നൊമ്പരങ്ങളുടെ കഥകൾ  ഇങ്ങനെ നിരത്തി എഴുതുന്ന എൻറെ പ്രിയ സുഹൃത്തുക്കളേ ,എനിക്ക് നിങ്ങളോട് പറയാൻ ഒന്ന് മാത്രമേയുള്ളൂ:

"എന്റെ മുള്ളുകളെയാണ് ഞാൻ ഇന്നേറെ സ്നേഹിക്കുന്നത് ,കാരണം അവയാണ് എന്നെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്.ഇന്ന് ഞാൻ അവയെ ഏറ്റം നന്ദിയോടെ ഓർക്കുന്നു അവക്കായി പ്രാർത്ഥിക്കുന്നു."മറക്കാം പൊറുക്കാം..ഇനിയും കാത്തിരിക്കാം.അത് ദൈവ ഹിതം.

നോവോർമ്മയുടെ ചുവരിലായ് ഒരു വാക്ക് കൂടി കുറിച്ചിടുന്നു-പ്രതീക്ഷ!!!

അഭിപ്രായങ്ങളൊന്നുമില്ല: